മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

സ്ഥാനാര്‍ത്ഥി

(ഒന്ന്)
. വോട്ട് എനിക്ക് തന്നെ ചെയ്യണം.
"ഞാന്‍ നിങ്ങളുടെ അയല്‍ക്കാരനാണ്, കുടുംബക്കാരനാണ്..."
കൈ കൂപ്പി സ്ഥാനാര്‍ത്ഥി പറഞ്ഞു.
"കഴിഞ്ഞ തവണ വോട്ട് ചോദിച്ചപ്പോഴും നീ ഇത് തന്നെയാണ് പറഞ്ഞത്‌".
അതിനു ശേഷമാണല്ലോ - നീ വീടിനു മതില്‍ കെട്ടിച്ചത്,
പൂച്ചക്ക് പോലും കടക്കാനാവാത്ത ഗേറ്റ് വച്ചതും,
നിന്നെ ഒന്നു കാണാന്‍ ടി വി തുറക്കേണ്ട ഗതികേട്‌ വന്നതും.
ഒറ്റ വോട്ടിനു ജയിച്ച നീ ഒരു വോട്ടിന്‍റെ വില പോലും കാണിച്ചില്ല .
" ഇനിയും അത് വേണോ?". അയാള്‍ ചോദിച്ചു.
സ്ഥാനാര്‍ഥി അപ്പോള്‍ അയാളെ അപരിചിതനെപ്പോലെ നോക്കി തിരിച്ചുപോയി.

(രണ്ട്)
മണിമാളികയുടെ പൂമുഖത്ത് സ്ഥാനാര്‍ത്ഥി വോട്ടഭ്യാര്‍ത്ഥനയുമായി ഭവ്യതയോടെ നിന്നു.
വീട്ടുമുതലാളി പറഞ്ഞു.
'എനിക്ക് പഞ്ചായത്ത് കക്കൂസ് തന്നില്ല,
വീടുപണിക്ക് കാശ് തന്നില്ല,
രണ്ട് രൂപക്ക്‌ അരി തന്നില്ല...'
മാത്രമല്ല എന്‍റെ ഇരുനില വീടിനു സര്‍ക്കാര്‍ നികുതി കൂട്ടി,
പറമ്പിനു നടുവിലൂടെ റോഡ്‌ വെട്ടി. അതിനും പുറമേ എന്നെ ദാരിദ്ര രേഘക്ക് മുകളിലുമാക്കി.
ഒക്കെ പോകട്ടെ, ഞാന്‍ വോട്ട് ചെയ്യാം
എനിക്കെന്ത് തരും?
വളരെ ദരിദ്രനായ സ്ഥാനാര്‍ത്ഥി അപ്പോള്‍ നിര്‍വികാരതയോടെ തിരിച്ചു നടന്നു.

(മൂന്ന്‍)
വോട്ടഭ്യാര്‍ത്തനയുമായി ചെന്ന സ്ഥാനാര്‍ഥിയോട്‌ ദരിദ്രയായ വൃദ്ധ പറഞ്ഞു.
"ഇത്തവണ നിനക്ക് വോട്ടില്ല".
കുറേ കാലമായല്ലോ നീ നാട്ടുകാരെ സേവിക്കാന്‍ തുടങ്ങിയിട്ട്. നിനക്കൊരു വീടായോ?
വീട്ടിലേക്കൊരു വഴിയായോ?
മക്കള്‍ക്കൊരു ജോലിയായോ?
'കുറച്ചുകാലം നീ വീട്ടുകാരെ സേവിക്ക്'.
വൃദ്ധ കപ്പയും ചായയും നല്‍കി സ്ഥാനാര്‍ഥിയെ യാത്രയാക്കി.
സ്ഥാനാര്‍ത്ഥി മനസ്സമാധാനത്തോടെ പുഞ്ചിരിതൂകി തിരിച്ചുനടന്നു.

ഫൈസല്‍ കണ്ണത്തുംപാറ.