മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

സ്ഥാനാര്‍ത്ഥി

(ഒന്ന്)
. വോട്ട് എനിക്ക് തന്നെ ചെയ്യണം.
"ഞാന്‍ നിങ്ങളുടെ അയല്‍ക്കാരനാണ്, കുടുംബക്കാരനാണ്..."
കൈ കൂപ്പി സ്ഥാനാര്‍ത്ഥി പറഞ്ഞു.
"കഴിഞ്ഞ തവണ വോട്ട് ചോദിച്ചപ്പോഴും നീ ഇത് തന്നെയാണ് പറഞ്ഞത്‌".
അതിനു ശേഷമാണല്ലോ - നീ വീടിനു മതില്‍ കെട്ടിച്ചത്,
പൂച്ചക്ക് പോലും കടക്കാനാവാത്ത ഗേറ്റ് വച്ചതും,
നിന്നെ ഒന്നു കാണാന്‍ ടി വി തുറക്കേണ്ട ഗതികേട്‌ വന്നതും.
ഒറ്റ വോട്ടിനു ജയിച്ച നീ ഒരു വോട്ടിന്‍റെ വില പോലും കാണിച്ചില്ല .
" ഇനിയും അത് വേണോ?". അയാള്‍ ചോദിച്ചു.
സ്ഥാനാര്‍ഥി അപ്പോള്‍ അയാളെ അപരിചിതനെപ്പോലെ നോക്കി തിരിച്ചുപോയി.

(രണ്ട്)
മണിമാളികയുടെ പൂമുഖത്ത് സ്ഥാനാര്‍ത്ഥി വോട്ടഭ്യാര്‍ത്ഥനയുമായി ഭവ്യതയോടെ നിന്നു.
വീട്ടുമുതലാളി പറഞ്ഞു.
'എനിക്ക് പഞ്ചായത്ത് കക്കൂസ് തന്നില്ല,
വീടുപണിക്ക് കാശ് തന്നില്ല,
രണ്ട് രൂപക്ക്‌ അരി തന്നില്ല...'
മാത്രമല്ല എന്‍റെ ഇരുനില വീടിനു സര്‍ക്കാര്‍ നികുതി കൂട്ടി,
പറമ്പിനു നടുവിലൂടെ റോഡ്‌ വെട്ടി. അതിനും പുറമേ എന്നെ ദാരിദ്ര രേഘക്ക് മുകളിലുമാക്കി.
ഒക്കെ പോകട്ടെ, ഞാന്‍ വോട്ട് ചെയ്യാം
എനിക്കെന്ത് തരും?
വളരെ ദരിദ്രനായ സ്ഥാനാര്‍ത്ഥി അപ്പോള്‍ നിര്‍വികാരതയോടെ തിരിച്ചു നടന്നു.

(മൂന്ന്‍)
വോട്ടഭ്യാര്‍ത്തനയുമായി ചെന്ന സ്ഥാനാര്‍ഥിയോട്‌ ദരിദ്രയായ വൃദ്ധ പറഞ്ഞു.
"ഇത്തവണ നിനക്ക് വോട്ടില്ല".
കുറേ കാലമായല്ലോ നീ നാട്ടുകാരെ സേവിക്കാന്‍ തുടങ്ങിയിട്ട്. നിനക്കൊരു വീടായോ?
വീട്ടിലേക്കൊരു വഴിയായോ?
മക്കള്‍ക്കൊരു ജോലിയായോ?
'കുറച്ചുകാലം നീ വീട്ടുകാരെ സേവിക്ക്'.
വൃദ്ധ കപ്പയും ചായയും നല്‍കി സ്ഥാനാര്‍ഥിയെ യാത്രയാക്കി.
സ്ഥാനാര്‍ത്ഥി മനസ്സമാധാനത്തോടെ പുഞ്ചിരിതൂകി തിരിച്ചുനടന്നു.

ഫൈസല്‍ കണ്ണത്തുംപാറ.

മുടി വെട്ടുമ്പോള്‍ ഓര്‍ക്കാവുന്നത്

മിനികഥ 
ഒരുപാട് നാളായി ചോദിക്കണം എന്ന് വിചാരിച്ചതാണ്.
പക്ഷെ...
പിന്നെ ഞങ്ങള്‍ തനിച്ചായ സന്ദര്‍ഭം.
അദദേഹം എന്‍റെ തലമുടി വെട്ടിക്കൊണ്ടിരിക്കവെ ഞാന്‍ ചോദിച്ചു.
അനവധി പേരുടെ തലമുടിയില്‍ സൗന്ദര്യത്തിന്‍റെ ചിത്രങ്ങള്‍ വെട്ടി ചിട്ടപ്പെടുത്താറുള്ള താങ്ങളുടെ തലയിലും മുടി വളരാറില്ലേ?
അതാരാ വെട്ടാറുള്ളത്‌ ?
"മറ്റൊരു ബാര്‍ബറുടെ മുന്നില്‍ ഞാന്‍ തല താഴ്ത്തിക്കൊടുക്കും"
അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
"മുടി വെട്ടുന്നതില്‍ അവാര്‍ഡിന് അര്‍ഹാനായിട്ടും താങ്ങള്‍ സ്വയം  പരാജിതനാണ്-
എന്നര്‍ഥം, അല്ലേ?"
പരാജയ വൃത്തത്തിനുള്ളില്‍ നിന്നുകൊണ്ടല്ലേ മനുഷ്യന്‍ എല്ലായ്പ്പോഴും  വിജയമാഘോഷിക്കാറുള്ളത്..
അഹങ്കാരം ഈ സത്യത്തെ ഒളിച്ചു വെക്കുന്നു എന്ന് മാത്രം.
അദ്ദേഹം  അര്‍ത്ഥഗര്‍ഭമായി മറുപടി പറഞ്ഞു.
അത് ശരിയെന്നോണം ചെവിക്ക് പിന്നില്‍ നിന്നും കത്രിക താളാത്ഗമമായി മൊഴിയുന്നത് ഞാന്‍ കേട്ടു.

മാമൂല്‍

മിനികഥ
അങ്ങിനെ...
പാത്തുമ്മയുടെ വയറ് വലുതായി വന്നു. 
അമ്മായിയമ്മ ഫ്രിഡ്ജും രാജധാനി കട്ടിലും കൊണ്ടിടാനുള്ള സ്ഥലമൊരുക്കി. 
പള്ള കാണാന്‍ പാത്തുമ്മയുടെ സ്വന്തം വീട്ടില്‍ നിന്ന് പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ വന്നു. ബിരിയാണി തിന്നു വയറു വലുതാക്കി പാത്തുമ്മയുടെ പള്ള കണ്ടു കയ്യും വീശി അവര്‍ പോയി.ഫ്രിട്ജിനും കട്ടിലിനും ഒരുക്കിയ സ്ഥലം അപ്പോഴും ശൂന്യമായി കിടന്നു.
                 അക്കിടി മനസ്സിലായ അമ്മായിയമ്മ പാത്തുമ്മയോട്‌ പറഞ്ഞു,
        "ഇത്തരം മാമൂലിനെതിരെ ശബ്ദിക്കാന്‍ പണ്ഡിതന്മാര്‍ക്കെന്താ  നാക്കില്ലേ?"


ഫൈസല്‍ കണ്ണത്തുംപറ (ചന്ദ്രിക ആഴ്ചപ്പതിപ്പ്‌ )

കാലിത്തീറ്റ

മിനികഥ
                        ബഷീറിന്‍റെ  നോവല്‍ വായിച്ചു ഹരം കയറിയ പാത്തുമ്മ ഒരു ആടിനെ വാങ്ങി. 
     അജസുന്ദരിയുടെ മേനിയഴകു നോക്കി  പാത്തുമ്മ മോഹങ്ങള്‍ നെയ്തു.
                    " ആട് പെറട്ടെ,  പാലൊഴിച്ച ചായ കുടിക്കണം,  പാലുവിറ്റ് കാതില്‍ പുതിയ മോഡല്‍ കമ്മല്‍ വാങ്ങണം,   വളയും മാലയും പുതുക്കിപ്പണിയണം,   മുന്നിലെ പഴയ വാതിലിനു പകരം കടഞ്ഞ വാതില്‍ ഫിറ്റാക്കണം....."
                     പാത്തുമ്മ ആടിനു പുല്ലുകൊടുത്തു, കഞ്ഞി വെള്ളവും പഴത്തൊലിയും പ്ലാവിലയും കൊടുത്തു,  കടലാസും പുസ്തകവും പുതപ്പും കൊടുത്തു.
    പക്ഷെ,  ആട് തിന്നില്ല--  കമ്പോളത്തിന് നേരെ തിരിഞ്ഞു ആട്  അലറി കൊണ്ടേയിരുന്നു.
                         "കാലിത്തീറ്റേ......
                           കാലിത്തീറ്റേ .....കാലിത്തീറ്റേ ..... "
അപ്പോള്‍ പാത്തുമ്മ ആടിനോട്‌  ചോദിച്ചു.
                    "ഗാട്ട്  കരാറില്‍ നീയ്യും ഒപ്പിട്ടിരുന്നോ -- ന്‍റെ  ആടെ-?!"
ഫൈസല്‍ കണ്ണത്തുംപാറ.(ചന്ദ്രിക ആഴ്ച്ചപ്പതിപ്പ്‌ )

കൂമന്‍

മിനികഥ 
             രാത്രിയുടെ കറുപ്പില്‍ പാത്തുമ്മയെ  തുറിച്ച് നോക്കി കൂമന്‍ അമര്‍ത്തി മൂളി.
                        ഉള്ളം നടുങ്ങിയ പാത്തുമ്മ വാതില്‍ പടിയില്‍ ചിരവ കുനിച്ചു വച്ചു. 
 ചൂലെടുത്ത് ചാരി വച്ചു.മുറം എടുത്ത് കമഴ്ത്തി.അമ്മിക്കുട്ടിയെ അമ്മിയുടെ അടുത്തെത്തിച്ചു.
                          " ഒഴിഞ്ഞു പോട്ടെ  ദുഃശകുനം....‍"
                          സുന്ദരമായ പ്രഭാതം.
        നീലാകാശം. ‍ ‍‍‍‍‍സൂര്യന്‍റെ ചെമന്ന രശ്മികള്‍ കോലായിലേക്ക് ചെരിഞ്ഞു വീഴുന്നു. അപ്പോള്‍ പുഞ്ചിരി തൂകുന്ന മുഖവുമായി പടിവാതില്‍ക്കല്‍ നില്‍ക്കുന്നു,സ്വര്‍ണ്ണബിസ്കറ്റുമായി കടല്‍ താണ്ടി വന്ന പുതുമാരന്‍....
                                 നിനച്ചിരിക്കാതെ പാത്തുമ്മയുടെ മനസ്സില്‍ സന്തോഷത്തിന്‍റെ കുളിര്‍ക്കാറ്റ് വീശി.
പുതപ്പിനുള്ളില്‍ ചൂടുപുകഞ്ഞ അന്നു രാത്രിയിലും കൂമന്‍ നീട്ടി മൂളി. അപ്പോള്‍ പാത്തുമ്മ പറഞ്ഞു.
                      " കളിയാക്കാതെ പോ.... കൂമാ..."
ഫൈസല്‍ കണ്ണത്തുംപാറ: (ചന്ദ്രിക ആഴ്ചപ്പതിപ്പ്‌ )

ചുമട്

മിനികഥ

                 ചുമടുമായി നടന്ന്‍അയാള്‍ ഒരു വിചന സ്ഥലത്തെത്തി.
മുന്നില്‍ നീണ്ടുകിടക്കുന്ന ഭൂമി.  ചുമട് നിലത്തിട്ട് അയാള്‍ മുകളിലേക്ക്നോക്കി. 
തന്‍റെ തലയില്‍ നിന്ന് തുടങ്ങി മുകളിലേക്ക് അനന്തമായി വ്യാപിച്ച ഒരു വലിയ 
 ചുമടായി എന്റെ തലയില്‍......
                ഞാന്‍ ഒരു വലിയ ചുമട്ടുകാരന്‍ തന്നെ !!!
 അയാള്‍ ഗര്‍വോടെ അമര്‍ത്തിച്ചിരിച്ചു.
                  പിന്നെ എല്ലാം പെട്ടെന്നായിരുന്നു.ഒരു മിന്നല്‍ പിണരും ഇടി നാദവും.
 മുറിച്ചിട്ട മരം കണക്കെ അയാള്‍ മറിഞ്ഞു വീണു. ഭൂമി അപ്പോഴും വളരെ സൗമ്യമായി  ആ ചുമടു താങ്ങി.
പിന്നെ അയാള്‍ ആരുടെയൊക്കെയോ തലയിലെ ചുമടായി സ്മശാനത്തിലേക്ക് നീങ്ങി.

ഫൈസല്‍ കണ്ണത്തും പാറ: (പ്രബോധനം വാരിക. 2002,ജൂലൈ 22)

പ്രധിവിധി


മിനികഥ.

ടീച്ചര്‍ ആണ്‍ കുട്ടിയോട് ചോദിച്ചു,"പഠിച്ചു ബിരുദങ്ങള്‍ നേടിയിട്ടും ജോലിയൊന്നും 
              കിട്ടതായാല്‍ താന്‍ എന്തു ചെയ്യും? "
  "നൂറു പവനും നൂറായിരം രൂപയും വാങ്ങി ഞാനൊരു പെണ്ണുകെട്ടും. 
        ആ പണം കൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കും ".
അപ്പോള്‍ നീയ്യോ?,- ടീച്ചര്‍ പെണ്‍കിട്ടിയോട് ചോദിച്ചു.
   "ഡോക്ടര്‍ക്ക് കാശ്കൊടുത്ത് ഞാന്‍ പ്രസവിക്കുന്നത് എല്ലാം ആണ്‍കുട്ടികളാണെന്ന് തീര്‍ച്ചപ്പെടുത്തും. പണവും സ്വര്‍ണവും വീട്ടിലെത്തിക്കാന്‍ അതുമതിയല്ലോ?"

ഫൈസല്‍ കണ്ണത്തുംപാറ: (പ്രബോധനം വരിക.2002 ജൂലൈ,12)

ആത്മബന്ധങ്ങള്‍


മിനിക്കഥ 
  
 കുശവന്‍ എനിക്കൊരു മണ്‍ചട്ടി തന്നു. 
      കളിമണ്‍ കുഴച്ച് ഭംഗിയായി രൂപപ്പെടുത്തിയ,  ചൂളയില്‍ ചുട്ടെടുത്ത , മുട്ടിയാല്‍  മുഴങ്ങുന്ന പുത്തന്‍ ചട്ടി.  ആ ചട്ടിയില്‍ ഞാന്‍ കഞ്ഞി വച്ചു. ആറി തുടങ്ങിയപ്പോള്‍ ഞാന്‍ അതു മുക്കിക്കുടിച്ചു.  വയറു നിറഞ്ഞു വീര്‍ത്തിട്ടും കഞ്ഞി മുഴുവന്‍ തീര്‍ന്നിട്ടും മതിവന്നില്ല.
         പുത്തന്‍ ചട്ടിയില്‍ നിന്നും കഞ്ഞിയിലേക്ക് അലിഞ്ഞ് ചേര്‍ന്ന മണ്ണിന്‍ ചുവ കഞ്ഞിക്ക് ഏതോ അനിര്‍വചനീയമായ രുചി നല്‍കിയിരുന്നു. ആ രുചി വായില്‍ നിന്നും നേരിട്ട് ആത്മാവിലേക്കാണ്  സഞ്ചരിക്കുന്നതെന്ന്‍ എനിക്ക് തോന്നി.
        മണ്‍ ചുവരില്‍  വെള്ളമൊഴിച് മണക്കുമ്പോഴും പുത്തന്‍ മഴ വീണു മണ്ണുരുണ്ട് തുള്ളിചാടുമ്പോഴും  ഇതേ രുചി സുഗന്ധമായി എന്നുടെ ആത്മാവിനെ പുളകം കൊള്ളിക്കുന്നതും ഞാനോര്‍ത്തു.

                      '' എത്ര രുചിച്ചിട്ടും മതിവരാതെ.....
                        എത്ര മണത്തിട്ടും കൊതിതീരാതെ...''

 ഏതോ  ആത്മബന്ധത്തിന്‍റെ പൂര്‍വ്വകാല സ്മരണകള്‍ അവയില്‍ ഒളിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി. ആ സ്മരണകളുടെ ഉറവിടം തേടി ഞാനലഞ്ഞു. ആ അലച്ചിലിനിടെ ഞാന്‍ കണ്ടു,
                    ''മുട്ടിയാല്‍ മുഴങ്ങുന്ന മണ്ണില്‍ നിന്നും ഞാന്‍ മനുഷ്യനെ സൃഷ്ട്ടിച്ചു 
                      എന്ന വേദ വാക്യം''.

           ഫൈസല്‍ കണ്ണത്തുംപാറ     (പ്രബോധനം വാരിക. 2002 ജൂലൈ ,12)